കൊച്ചി: മഴ കനത്തതോടെ കാലടി പാലം ഗതാഗതക്കുരുക്കിലായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതിയില്‍ അടിയന്തര സ്ഥലപരിശോധനയ്ക്ക് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
പൊതുമരാമത്ത് വകുപ്പ് (കൊച്ചി) എക്സിക്യുട്ടീവ് എന്‍ജിനീയര്‍(പാലങ്ങളും റോഡുകളും)ക്കാണ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ സ്ഥലപരിശോധനയ്ക്ക് നിയോഗിക്കണം.
കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് എൻജിനീയര്‍ക്കും മുന്‍കൂര്‍ നോട്ടീസ് നല്‍കണം. റോഡില്‍ അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷം ത യാറാക്കുന്ന റിപ്പോര്‍ട്ടില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ച് റോഡിലെ ദുരവസ്ഥ പരിഹരിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കാലതാമസം പാടില്ല.
നടപടിയെടുത്ത ശേഷം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിശദമായ റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണം. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ സ്ഥലപരിശോധനാ റിപ്പോര്‍ട്ടും ഒപ്പം സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം ഹാജരാക്കണം. ഡിവൈഎസ്പിയെ നിയോഗിച്ച് കാലടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ജില്ലാ പോലീസ് മോധാവി (എറണാകുളം റൂറല്‍) മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രത്യേകം റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണം.
എക്സിക്യുട്ടീവ് എന്‍ജിനീയറെ പ്രതിനിധീകരിച്ച് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറും ജില്ലാ പോലീസ് മേധാവിയെ പ്രതിനിധീകരിച്ച് ഡിവൈഎസ്പിയും കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഓഗസ്റ്റ് 10ന് രാവിലെ 10ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.